DISCLAIMER: Characters mentioned in this story are ficticious and they are no way related to lengendary warriors Aaromal Chekavar, Unniyaarcha and Chanthu. With due respect to these magnificent personalaties of medieval kerala history, I swear on the name god that, this article is written just for joke and not to wound anyone's feelings towards these legendary warriors. Once again the characters mentioned in this story are ficticious and have no relationship with any of the living or dead peoples in Kerala. If you feel so, it is just accidental co-incidence.


കൊല്ലവര്‍ഷം 787..ബ്രിട്ടീഷുകാര്‍ ഇന്ത്യ കീഴടുക്കുന്നതിനു ഒരു ഇരുനൂറു കൊല്ലം മുന്‍പ്, മുറുക്കാന്‍ കച്ചവടം തുടങ്ങാന്‍ ബ്രണ്ടന്‍ സായിപ്പ് ഇന്ത്യയിലെത്തി. കോഴിക്കോടെ കപ്പലിറങ്ങിയ സായിപ്പ് നേരെ വടക്ക് തുളുനാട്ടിലേക്ക് വച്ച് പിടിപ്പിച്ചു. കരിവെള്ളൂരിനടുത്തു പുത്തൂര്‍ പോണ റൂട്ടില്‍ സായിപ്പ് തന്റെ പെട്ടിക്കട തുടങ്ങി, പെട്ടിക്കട എന്ന് പറഞ്ഞാല്‍ പോരാ ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌ തന്നെ ആയിരുന്നു, മെയിന്‍ ഐറ്റം ആയ ബീഡ കൂടാതെ സോപ്പ്,ചീപ്, കണ്ണാടി,പിണ്ട തൈലം, പല്‍പ്പൊടി പിന്നെ ഉപ്പ് സോഡയും നാരങ്ങവെള്ളവും. സ്ഥല വാസികളിലെ ദരിദ്രവാസികള്‍ക്ക് പറ്റെഴുതാന്‍ പോക്കറ്റ്‌ ഡയറിയും സൌജന്യം കൊടുത്തിരുന്നു.


ഉത്തരമലബാറിലെ പ്രശസ്ത ബാറായ സോറി തറവാടായ പുത്തൂരം വീട്ടില്‍ അന്ന് പുത്തരി ആയിരുന്നു. പുഞ്ചവയല്‍ കൊയ്തെടുത്ത IR8 ന്റെ പാര്‍ബോയില്‍ ചെയ്തെടുത്ത തവിട് കളയാത്ത അരിയും, ഐസിടാത്ത നല്ല ഫ്രഷ്‌ ആവോലിയും കൂട്ടി, പുത്തൂരം വീട്ടിലെ ഇളമുറ പൈതങ്ങളായ ആരോമല്, ആര്‍ച്ച, ചന്തു, ഉണ്ണികണാരന്‍ തുടങ്ങി എല്ലാരും വിസ്തരിച്ചു ശാപ്പാട് അടിച്ചോണ്ടിരിക്കുന്ന സമയത്ത് പുറത്തു നിന്ന് ആരോ വിളിച്ചു. ഭക്ഷണം കഴിക്കുന്ന സമയത്ത്, ഇനി നിയമസഭാ തെരഞ്ഞെടുപ്പിന് പാലയിലോ പത്തനാപുരത്തോ സീറ്റ്‌ താരാ എന്ന് പറഞ്ഞാ കൂടെ എഴുന്നെല്കാത്ത ആരോമല്‍ ആര്ച്ചയെ തോണ്ടിയിട്ട് പറഞ്ഞു : "പോയി പുറത്താരാ എന്ന് നോക്കിയിട്ട് വാടീ"


ആര്‍ച്ച പോയി വാതില്‍ തുറന്നു, പുറത്തു ബ്രണ്ടന്‍ സായിപ്പ്. ആര്‍ച്ചയുടെ അനിതരസാധാരണമായ രൂപസൌകുമാര്യത്തില്‍ ബ്രണ്ടന്‍ വീണുപോയി, ആ സൌകുമാര്യത്തിനു മാറ്റ് കൂട്ടാന്‍ എന്ന വണ്ണം വറത്ത ആവോലിയുടെ മണം അവിടെ മുഴുവന്‍ പരന്നു. അപ്സരസ്സുകള്‍ പോലും തോല്‍ക്കും അംഗലാവണ്യം കണ്ടു പുത്തൂരം മുറ്റത്തെ കുറ്റിമുല്ലചെടികള്‍ പൂക്കള്‍ പൊഴിച്ച് കൊണ്ട് അവള്‍ക്കു സ്വാഗതമോതി, കൂട്ടത്തില്‍ പിറകിലെ മൂന്നു നാല് കുശുമ്പ് മൂത്ത മുല്ല വള്ളികള് അസൂയയോടെ മനസ്സില്‍ പിറുപിറുത്തു "പിന്നേയ്, മോന്ത കണ്ടാലും മതി, പച്ച വള്ളം കുടിക്കുകേലാ.


ഒരു നിമിഷം പതറിയ ബ്രണ്ടന്‍ പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു: "എന്റെ പെട്ടിക്കടയുടെ ഒരു ശാഖ വടകര തുടങ്ങുന്നു. ഉദ്ഘാടനത്തിന് നിങ്ങള്‍ എല്ലാം വരണം, ആരോമലിനോട് തീര്‍ച്ചയായും വരാന്‍ പറയണം.


ആര്‍ച്ചക്ക് മൂര്‍ച്ച കൂടി പവര്‍ പ്ലേ തുടങ്ങി: "ഞങ്ങള്‍ പുത്തൂരം വീട്ടുകാര്‍ തല്ലും കൊല്ലും ഉള്ള സ്ഥലത്ത് മാത്രമേ പോകാറുള്ളൂ. തനിക്ക് നിര്‍ബന്ധമാണേല്‍ ചന്തു ചേട്ടനെ പറഞ്ഞു വിടാം."


കൂടുതല്‍ ഒന്നും പറയാതെ, ബ്രണ്ടന്‍ ഉദ്ഘാടനത്തിന്റെ നോട്ടീസ് ആര്ച്ചക്ക് കൊടുത്തു,ആര്‍ച്ച തിരിച്ചു വീട്ടിലോട്ടു കയറി.


ഇനി കുറച്ചു ഫ്ലാഷ് ബാക്ക്
********************** ************************

ആരോമല്‍

കയ്യൂക്കുള്ളോന്‍ കാര്യക്കാരന്‍ എന്നാ ജനാധിപത്യ മര്യാദയില്‍ അടിയുറച്ചു വിശ്വസിക്കുന്ന പുത്തൂരം വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കാരണവര്‍ ആയിരുന്നു ആരോമല്‍. തുള്നാട്ടില്‍ പോയി കളരിയും കരാട്ടെയും പഠിച്ചു ഒടുവില്‍ കൈ വഴക്കവും മെയ്‌ വഴക്കവും ആവോളം സിദ്ധിച്ച ആരോമല്‍ മേലെനങ്ങാതെ തിന്നു പിത്തം പിടിച്ചു, നാക്ക് മാത്രം കൊണ്ട് യുദ്ധം ചെയ്യാനറിയാവുന്ന വടകരക്കാര്‍ക്ക് ഒരു പേടിസ്വപ്നം ആയിരുന്നു. എന്നും രാവിലെ കിഴക്ക് വെള്ള കീറും മുന്‍പേ അരക്ക് മുണ്ട് കീറി കച്ച കെട്ടി ഗോദയില്‍ കയറുന്ന ആരോമലിന്റെ അഭ്യാസപ്രകടങ്ങള്‍ ഉച്ച സൂര്യന്‍ ഉച്ചിയില്‍ എത്തും വരെ തുടരും, ഉച്ചക്ക് പത്തിരിയും കോഴിക്കറിയും കൂടെ കൊളസ്ട്രോള്‍ ഇല്ലാത്ത ഫാറ്റ് ഫ്രീ മില്കും കുടിച്ചു പൊയ്ത്തു മേടയിലേക്ക് (പോയ്ത്ത്‌ = കാശ് വാങ്ങി തല്ലാന്‍ നടക്കുന്ന ക്വട്ടെയഷന്‍ പരിപാടിക്ക് മധ്യകാല കേരളത്തിലെ പേര് ). ആരോമല്‍ ആണ് എതിരാളി എന്നറിയുമ്പോള്‍ തന്നെ ഒരുവിധം എതിരാളികള്‍ ഒക്കെ ഓണ്‍സൈറ്റ് പോകുമായിരുന്നു. ബാക്കിയുള്ളവന്മാരെ ആരോമലായിട്ടു വിസ പോലും ഇല്ലാതെ ഓണ്‍സൈറ്റ് പറഞ്ഞു വിടും. കളരി കഴിഞ്ഞാല്‍ പിന്നെ ആരോമലിന്റെ വീക്നെസ് സംഗീതം ആയിരുന്നു. തന്റെ വീരഗാഥകള്‍ താന്‍ തന്നെ എഴുതി ട്യൂണ്‍ ചെയ്തു, പാണന്‍മാരെ ഏല്പിച്ചു വടകര മുതല്‍ പയ്യന്നൂര്‍ വരെയുള്ള എല്ലാ KSRTC ബസ്സുകളില്‍ കയറി പാടിച്ചു ആരോമല്‍ മാക്സിമം വിസിബിലിടി ഉണ്ടാക്കി. ആരോമലും നന്നായി പാടും. ആരോമല്‍ പാടുന്ന ദിവസങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലയിലെ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു അവധി ആയിരുന്നു. ആരോമലിന്റെ ശബ്ദം പക്ഷിമൃഗാദികളിലുണ്ടാക്കുന്ന സ്വഭാവവ്യതിയാനങ്ങളെ കുറിച്ച് പഠിക്കാനെത്തിയ ഹാര്‍വാര്‍ഡ്‌ യുനിവേര്സിടിയിലെ പ്രൊഫ: ഗില്ബെര്റ്റ്‌ മകിന്റോഷ് മുല്ലപ്പെരിയാര്‍ മേഖലയിലും തലശ്ശേരി പഴശ്ശി ഡാം മേഖലയിലും ഇദ്ദേഹത്തിന്റെ പാട്ടുകള്‍ വിലക്കണം എന്ന് അന്നത്തെ മുഖ്യമന്ത്രിക്ക് കത്തയക്കുക ഉണ്ടായി. (കൂടുതല്‍ ചിന്തിച്ചപ്പോള്‍ ബട്ടര്‍ഫ്ലൈ എഫക്റ്റ്‌ കാരണം ആരോമലിന്റെ പാട്ട് കേട്ട് ഹൂവര്‍ ഡാമിനു ഓട്ട വീണു തന്റെ വീട് തന്നെ ഒലിച്ചു പോകുമോ എന്ന് ഭയന്ന ഗില്ബെര്റ്റ്‌, ലാസ് വെഗാസില്‍ നിന്നും ഒളിച്ചോടി ഡാമുകള്‍ ഒന്നും ഇല്ലാത്ത അരിസോണയില്‍ താമസമാക്കിയതായും ഒരു കഥ ഉണ്ട്.

ഉണ്ണിയാര്‍ച്ചയുടെ പിറകെ വായി നോക്കി നടക്കുന്ന കാലം മുതല്‍ക്കു, ചന്തുവിനെ ആരോമലിനു പുച്ഛം ആയിരുന്നു. ഒരു കാലത്ത് ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയെ പോലെ തന്റെ പെങ്ങന്മാരെ മുന്‍പില്‍ നടത്തി ചന്തക്കു പോകുന്ന ആരോമല്‍, ആര്ച്ചയുടെ കയ്യിലിരുപ്പ് അസാമാന്യമാണെന്നും ഒറ്റക്കൊരുത്തന്‍ വന്നു അപരാധം പറഞ്ഞാല്‍, അവന് ഗ്വാണ്ടനാമോ അയലണ്ട് കാണിച്ചു കൊടുക്കാന്‍ മാത്രം ആര്‍ച്ച വളര്‍ന്നെന്നും മനസ്സിലായപ്പോള്‍, അവളെ ഒറ്റയ്ക്ക് വിട്ടു തുടങ്ങി. അന്ന് മുതല്‍ ചന്തു തന്നെ ആര്‍ച്ചയുടെ സ്വയം പ്രഖ്യാതിത ബോഡിഗാര്‍ഡായി സ്വയം അവരോധിച്ചു (ഇക്കാര്യം ആര്‍ച്ചക്ക് പോലും അറിവുണ്ടായിരുന്നില്ല).

ചന്തു

കര്‍ണന്‍, അഖില്ലിസ്, നേപ്പോളിയന്‍,കുഞ്ഞാലി മരയ്ക്കാര്‍, ചന്തു... ഇത് ലോകം കണ്ട ഏറ്റവും ധീരരായ പോരാളികള്‍. ചന്തുവിന്റെ ലിസ്റ്റ് ഇതായിരുന്നെങ്കിലും മറ്റു വടകരക്കാരുടെ ലിസ്റ്റില്‍ അവസാനത്തെ പേര് ഉണ്ടായിരുന്നില്ല. ആരോമലിന്റെ കൂടെ തുള്നാട്ടില്‍ കളരി പഠിക്കാന്‍ പോയവരുടെ കൂട്ടത്തില്‍ ചന്തുവും ഉണ്ടായിരുന്നു, പക്ഷെ തന്റെ സോഫ്റ്റ്‌ സ്കില്ലിനു ചേര്‍ന്നതല്ല കളരി എന്ന് മനസ്സിലാക്കിയ ചന്തു, രായ്ക്കു രാമാനം കളരി വിട്ടു തിരിച്ചു വടകരയ്ക്ക് വണ്ടി കയറി. ഇതിനിടയ്ക്ക് കാലു തെറ്റി വീണാല്‍ നാല് കാലില്‍ നില്‍ക്കുക, പിറകീന്നു കുത്തുക, കൊഞ്ഞനം കാട്ടുക തുടങ്ങി ജീവല്‍ പ്രധാനമായ അടവുകള്‍ ചന്തു പഠിച്ചു കഴിഞ്ഞിരുന്നു. നാട്ടില്‍ എത്തിയ ഉടനെ ചന്തു അന്ത്രുക്കായുടെ ആക്രി കടയില്‍ എക്സ്പോര്‍ട്ട്‌ മാനേജര്‍ ആയി ഉദ്യോഗത്തിന് കയറി. ആവശ്യത്തിന് അഞ്ചക്ക ശമ്പളം ലഭിച്ചാല്‍ ആര്‍ച്ച വളയുമെന്നു വിചാരിച്ച ആ പാവം ഓവര്‍ ടൈം ഡ്യൂട്ടി ചെയ്തു, ബോസ്സിന്റെ പ്രീതി പിടിച്ചു പറ്റി, അപ്രയ്സലുകളില്‍ അത്ഭുതകരമായ പ്രകടനം കാണിച്ചു മുന്നേറി. പക്ഷെ ആര്‍ച്ച വീണില്ല. ചന്തു അത്ര പെട്ടെന്ന് തോറ്റു കൊടുക്കുന്ന ടൈപ്പ് ആയിരുന്നില്ല. ആര്‍ച്ചയുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ ചന്തു ലയണ്സ് ക്ലബ്ബില്‍ മെംബര്‍ഷിപ്‌ എടുത്തു, സ്നൂക്കരും ഗോള്‍ഫും പഠിച്ചു. ദിനേശ് ബീടിയില്‍ നിന്നും പുരോഗമിച്ചു മാല്‍ബോരോവില്‍ എത്തി. സ്ഥിരം ഉച്ചപടത്തിനു മാത്രം ക്യൂ നില്‍ക്കാറൂള്ള ചന്തു, വായെടുത്താല്‍ അകിര കുറസോവയെ പറ്റിയും ബെര്‍ണാഡോ ബെര്‍ടോലൂചിയെ പറ്റിയും മാത്രം സംസാരിച്ചു. സന്മാര്‍ഗിയും സദാ സ്മൈലനും ആണെന്ന് തെളിയിക്കാന്‍ ആര്‍ട്ട്‌ ഓഫ് ലിവിംഗ് ബേസിക് കോഴ്സിനു ചേര്‍ന്നു, കോട്ടും സൂട്ടും ധരിച്ചു (താത്ത്വികമായി ഒരു കമ്മ്യുണിസ്റ്റ്‌കാരന്റെ വസ്ത്രം കൈലിയും ബനിയനും ആണെങ്കിലും പ്രേമത്തിന് വേണ്ടി കോട്ടും സൂട്ടും ധരിക്കാമെന്ന് കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്ടോവില്‍ പറഞ്ഞിട്ടുള്ളത് കൊണ്ട് ചന്തുവിന്റെ പാര്‍ടി അംഗത്വം നഷ്ടപ്പെട്ടില്ല). പക്ഷെ ഇത് കൊണ്ടൊന്നും ആര്‍ച്ച വീണില്ല. കൂടുതല്‍ വഴികള്‍ തേടി ചന്തു സിഗ്മണ്ട് ഫ്രോയിഡിന്റെ "ഒരു പെണ്ണിനെ എങ്ങനെ വളക്കാം" എന്ന ഗ്രന്ഥം കുത്തിയിരുന്ന് വായിച്ചു. പ്രത്യേകിച്ച് ഒന്നും മനസ്സിലാകാത്തത് കൊണ്ട് പുസ്തകത്തെ പറ്റി വളരെ നല്ല അഭിപ്രായം പ്രസാധകന് അയച്ചു കൊടുത്തു, പൂട്ടി വച്ചു.

ആരോമലിനോട് ചന്തുവിനു പണ്ട് തൊട്ടേ പക ആയിരുന്നു. ഒരാവശ്യവും ഇല്ലാതെ കളരിയും പഠിച്ചു വന്നു മനുഷ്യനെ മെനക്കെടുത്താന്‍ നടക്കുന്ന ആ മനുഷ്യനെ പറ്റി ആലോചിക്കുമ്പോള്‍ തന്നെ ചന്തുവിന്റെ ചോര തിളച്ചു മറിഞ്ഞിരുന്നു. എല്ലാ ദിവസവും ഉറങ്ങി എഴുന്നേറ്റ ഉടനെ ആരോമലിന്റെ ചിത്രത്തിന് മുഷ്ടി ചുരുട്ടി പത്തു തവണ മുട്ടന്‍ ഇടി കൊടുത്തിട്ടേ ചന്തു ബ്രേക്ക്‌ ഫാസ്റ്റ്‌ പോലും കഴിച്ചിരുന്നുള്ളൂ. മറു വശത്ത് ഉണ്ണിയാര്‍ച്ചയെ പറ്റി ആലോചിക്കുമ്പോള്‍ തന്നെ ചന്തു ആര്‍ദ്രനും, മൃദുലനും ലോലനുമാകുമായിരുന്നു (നേരത്തെ ചൂടായ ചോര മുഴുവന്‍ ഇപ്പൊ തണുക്കും), ആരോമലിനെയും ആര്‍ച്ചയെയും മാറി മാറി ആലോചിച്ചു കൊണ്ട് ചന്തു തന്റെ സിംപതെടിക് - പാരാ സിംപതെടിക് വ്യവസ്ഥിതിയുടെ സംതുലനത്വം കാത്തുസൂക്ഷിച്ചു.

************ ****************************************** **********************

ഫ്ലാഷ് ബാക്ക് തീര്‍ന്നു...


അന്ന് രാത്രി ബ്രണ്ടന് ഉറങ്ങാന്‍ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു ബ്രണ്ടന്‍ നേരം വെളുപ്പിക്കാന്‍ നോക്കി, എവിടെ തിരിഞ്ഞാലും ആര്‍ച്ചയുടെ മുഖം, എവിടെ മണത്താലും ആവോലിയുടെ മണം. പുറത്തു ഇരുട്ട് തന്നെ മാടി വിളിക്കുന്നു. തണുത്ത തെക്കെന്‍ കാറ്റും, തലേന്ന് കഴിച്ച ഉരുളക്കിഴങ്ങു കറിയും ബ്രണ്ടനെ മദോന്മത്തനാക്കി. ഒട്ടും വൈകാതെ ബ്രണ്ടന്‍ തന്റെ ബംഗ്ലാവ് വിട്ടു പുത്തൂരം വീട്ടിലേക്കു യാത്ര പുറപ്പെട്ടു.

പുത്തൂരം വീട്ടിന്റെ മതിലിനു മുകളിലൂടെ കുട്ടിക്കരണം മറിഞ്ഞു കൊണ്ട് ബ്രണ്ടന്‍ അകത്തു കയറി. നേരെ ഉണ്ണിയാര്‍ച്ചയുടെ ബെഡ് റൂം ലക്ഷ്യമാക്കി നടന്നു നീങ്ങി. ആര്ച്ചയുടെ മുറിക്കടുത്തുള്ള വരാന്തയിലേക്ക് നുഴഞ്ഞു കയറി കാലു ചൊറിഞ്ഞുകൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ ബ്രണ്ടന്‍ വിളിച്ചു.

"... എടീ..കനകറാണീ.... ഓ മാറിപ്പോയി ആര്‍ച്ചെ എടീ ആര്ച്ചേ"

മുട്ടുകാലില്‍ മുന്നോട്ടിഴഞ്ഞു ബ്രണ്ടന്‍ ആര്‍ച്ചയുടെ വാതിലില്‍ മുട്ടി. അസമയത്ത് കൊട്ടും തട്ടും കേട്ട് ആര്‍ച്ച വാതില്‍ തുറന്നു. മുന്നില്‍ കിതച്ചുകൊണ്ട് ബ്രണ്ടന്‍ സായിപ്പ് നില്‍ക്കുന്നു. ബ്രണ്ടന്റെ മട്ടും ഭാവവും നാഡിമിടിപ്പും പന്തിയല്ല എന്ന് കണ്ട ആര്‍ച്ച ഉടന്‍ കുതറി പിന്നോട്ട് മാറി.

ബ്രണ്ടന്‍ മുന്നോട്ടാഞ്ഞു പക്ഷെ നീങ്ങുന്നില്ല. ഒന്നൂടെ ആഞ്ഞു പിടിച്ചു കാലു നിലത്ത് നിന്നും അനങ്ങുന്നില്ല. തിരിഞ്ഞു നോക്കിയ ബ്രണ്ടന്റെ മുന്നില്‍ പുരുഷത്വത്തിന്റെ ആള്‍രൂപമായി അതാ നില്‍ക്കുന്നു ചന്തു, ചന്തുവിന്റെ കൈകള്‍ ബ്രണ്ടന്റെ കഴുത്തിന്‌ ചുറ്റും വരിഞ്ഞു മുറുകി, പിറകോട്ടു തള്ളി.

ചുരുണ്ട് വീണ ബ്രണ്ടന്റെ നേരെ ഉടവാള്‍ ഓങ്ങിക്കൊണ്ട് ചന്തു തുടര്‍ന്ന്:"ഉച്ചക്ക് നീ നോട്ടീസ് കൊണ്ട് വന്നപ്പോഴേ എനിക്കറിയാമായിരുന്നു, രാത്രി ഇതിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന്. പുത്തൂരം വീട്ടിലെ പെണ്ണുങ്ങളെ പറ്റി നീ എന്താടാ സായിപ്പേ വിചാരിച്ചത്...%$^&* &*(((( #@@!@%%"

ചന്തുവിന്റെ വീരഭാവം കണ്ടു ആര്‍ച്ചയുടെ കണ്ണുകളില്‍ അനുരാഗം മിന്നി മറഞ്ഞു, അത് കണ്ടു ചന്തുവിന്റെ മനസ്സില്‍ ഒരായിരം ലഡു ഒന്നിച്ചു പൊട്ടി.

ചന്തു തുടര്‍ന്നു:"ഇനിയും ഇവിടെ നിന്നാല്‍, നിന്നെ കൊണ്ട് ഞാന്‍ സില്‍സിലാ ഹൈ സില്‍സിലാ നാല്പതു വട്ടം ശ്രുതി പോകാതെ പാടിപ്പിക്കും. ഓടിപ്പോകിനെടാ.."

ഇതും കൂടെ കേട്ടതോടെ ആര്‍ച്ച പതുങ്ങി ചന്തുവിന്റെ പിറകെ വന്നു നിന്ന് നിലത്ത് വീണു കിടക്കുന്ന ബ്രണ്ടനെ ദേഷ്യത്തോടെ നോക്കി. തന്റെ പിറകില്‍ സുരക്ഷിതത്വബോധത്തോടെ ഉല്ലാസവതിയായി നില്‍ക്കുന്ന ആര്‍ച്ചയെ കണ്ടപ്പോള്‍, ഇനി പൊട്ടിക്കാന്‍ ലഡു ഒന്നും ബാക്കിയില്ലല്ലോ എന്നാലോചിച്ചു ചന്തു നട്ടം തിരിഞ്ഞു.

ചന്തു റൊമാന്റിക്‌ ആയ ഒരു മിനിറ്റ് അത് മതിയായിരുന്നു ബ്രണ്ടന്, ചാടിയെഴുന്നേറ്റ ബ്രണ്ടന്‍ അടുത്ത് കണ്ട കുത്തുവിളക്ക് വലിച്ചൂരി ചന്തുവിന്റെ പാന്‍ക്രിയാസ് ലക്ഷ്യമാക്കി ആഞ്ഞു കുത്തി. കുത്ത്‌ കൊണ്ട ചന്തു നിലത്ത് വീണു പിടഞ്ഞു. ഈ രംഗം കണ്ടു ദുഃഖഭാരം സഹിക്കാനാകാതെ ഉണ്ണിയാര്‍ച്ച സംഭവസ്ഥലത്തു നിന്നും സര്‍വശക്തിയും എടുത്തു ഓടി രക്ഷപ്പെട്ടു. (AD 1600ല്‍ ആണു ഉണ്ണിയാര്‍ച്ചയുടെ ഈ ചരിത്രപ്രസിദ്ധമായ ഓട്ടം അരങ്ങേറിയത്, വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ സ്ത്രീകള്‍ ഒരു അനുഷ്ടാന കലയായി ഈ ഓട്ടം ആചരിച്ചു പോന്നു. വൈകീട്ടത്തെ "പരിപാടി" കഴിഞ്ഞു വീട്ടിലെത്തുന്ന ഭര്‍ത്താക്കന്മാര്‍ ഫോമില്‍ ആകുമ്പോഴും, കെട്ടു പ്രായം ആയി നില്‍ക്കുമ്പോള്‍ അയലത്തെ ചുള്ളന്‍ അയല്‍ക്കാരന്‍ കണ്ണും, മൂക്കും കൊണ്ട് ഗോഷ്ടി കാണിക്കുമ്പോഴും തുടങ്ങി പല അടിയന്തിര സാഹചര്യങ്ങളിലും കേരള വനിതകള്‍ ഈ ഓട്ടം ആചരിച്ചു പോന്നു. ഉണ്ണിയാര്‍ച്ചയുടെ കാല്പാടുകള്‍ പതിഞ്ഞ വഴി, ആര്‍ച്ച പ്രേമികള്‍ക്ക് പ്രചോദനവും വഴി കാട്ടിയും ആയിരുന്നു, പില്‍ക്കാലത്ത്‌ NH 17 വികസിപ്പിക്കാന്‍ BOT ഹൈവേ പദ്ധതി വന്നപ്പോള്‍ ആര്‍ച്ചയുടെ കാല്പാടുകള്‍ പതിഞ്ഞ വഴി ഒഴിവാക്കി, പുത്തൂരം വീട്ടിനും പത്തു കിലോമീറ്റര്‍ അകലെ ചുറ്റി തലശ്ശേരിക്ക് പോകുന്ന രീതിയില്‍, ഹൈവേ നിര്‍മിക്കാന്‍ ആര്‍ച്ച പ്രേമികള്‍ ഹൈ കോര്‍ട്ടില്‍ നിവേദനം കൊടുത്തു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥിതിയില്‍ സമൂല പരിവര്‍ത്തനം വരുത്താനുതകുന്ന ഈ കേസിന്റെ വിധിയായിരിക്കും, വരും നാളില്‍ അടുത്ത സര്‍ക്കാരിന്റെ ഭാഗദേയം നിര്‍ണയിക്കുക എന്ന് കവടി വാരി നോക്കി ആറ്റുകാല്‍ രാധാകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്).

കുത്തേറ്റു പിടയുന്ന ചന്തുവിന്റെ ഞരക്കം കേട്ട് കണ്ടു അത് വഴി വന്ന MT അവന്‍റടുത്തെക്ക് നീങ്ങി, ചന്തുവിന്റെ തല തന്റെ മടിയില്‍ വച്ചു. ചന്തു തന്റെ കദനകഥ MTക്ക് ഒന്നര പുറത്തില്‍ കവിയാതെ ഉപന്യസിച്ചു കൊടുത്തു. ചന്തുവിന്റെ ദുഃഖം മനസ്സിലാക്കിയ MT

"നിന്നെ രക്ഷിക്കാന്‍ എനിക്ക് കഴിവില്ല, പക്ഷെ പ്രേമത്തിന് വേണ്ടിയുള്ള, നിന്റെ ഈ ത്യാഗം മാലോകരുടെ മുന്നില്‍ ഞാന്‍ അവതരിപ്പിക്കും, അവര്‍ക്ക് നീ ഒരു പൊങ്ങന്‍ ആയിരിക്കില്ല, മറിച്ച് അനുരാഗത്തിന് വേണ്ടി സ്വന്തം ജീവന്‍ പണയപ്പെടുത്തിയ ഒരു ഇന്ത്യന്‍ വാലന്‍ട്യ്ന്‍ ആയിരിക്കും, ആ ദുഷ്ടന്‍ ബ്രണ്ടനെ ഞാന്‍ ഇയാഗോയെക്കാള്‍ വലിയ വില്ലന്‍ ആയി ചിത്രീകരിക്കും."

ചന്തു ഇടയ്ക്കു വച്ച് നിര്‍ത്താന്‍ പറഞ്ഞു:"അത് വേണ്ടാ, അല്ലേലും ആ സായിപ്പിനെ പറ്റി കഥ എഴുതിയിട്ട് എന്ത് കാര്യം, നിങ്ങള്‍ ആ റോള്‍ ആരോമലിനു കൊടുക്കൂ, ബ്രണ്ടന് പകരം അവന്‍ ആകട്ടെ ഈ കഥയിലെ വില്ലന്‍"

ചന്തുവിന്റെ ഈ നിര്‍ദേശം അംഗീകരിക്കാതിരിക്കാന്‍ MTക്ക് കഴിഞ്ഞില്ല, ഒരു വിജയിയെ പോലെ ചന്തു പറഞ്ഞു: "മോനെ ആരോമലേ, വരുന്നുണ്ടെടാ നിനക്കൊരെട്ടിന്റെ പണി"


ചന്തുവിന്റെ കഥ കഴിഞ്ഞു. MTയുടെ കഥ തുടങ്ങി.

2X7=14 ലോകങ്ങളിലെയും പര്യടനം പൂര്‍ത്തിയാക്കി വൈകുണ്ഠത്തില്‍ തിരിച്ചെത്തിയ നാരദരോടു ഭഗവാന്‍ വിഷ്ണു: "എന്തൊക്കെയുണ്ട് നാരദരെ, ദുനിയാവില്‍ വിശേഷങ്ങള്‍."

നാരദര്‍: "നാരായണ, നാരായണ, കേരളത്തില്‍ മാധ്യമസിന്‍ഡികേറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. MT ആണ് തുടക്കമിട്ടത്, പക്ഷെ ഭാവിയില്‍ പിണറായിയുടെ പേരില്‍ അറിയപ്പെടാന്‍ ആണ് യോഗം."

*******************************************************************************